വെള്ളാനിക്കര: കേരള കാർഷിക സർവകലാശാല പുതിയതായി വിഭാവനം ചെയ്ത നാൽപതു സർട്ടിഫിക്കറ്റ് കോഴ്സിലെ ആദ്യത്തെ കോഴ്സിന് തുടക്കം കുറിച്ചു. വിജ്ഞാന വ്യാപന വിഭാഗത്തിന്റെ കീഴിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിട്ട്യൂട്ട് സംഘടിപ്പിക്കുന്ന സംയോജിത കീട രോഗ പരിപാലനം എന്ന പതിനഞ്ചു ദിവസത്തെ കോഴ്സ് ആണ് വെള്ളാനിക്കര കർഷകഭവനിൽ ആരംഭിച്ചത്. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന മേധാവി ഡോ. ജേക്കബ് ജോണിന്റെ അധ്യക്ഷതയിൽ റെജിസ്ട്രർ ഡോ. എ സക്കീർ ഹുസൈൻ ഉദഘാടനം നിർവഹിച്ചു. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. എസ് ഹെലൻ സ്വാഗതവും വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ. മണി ചെല്ലപ്പൻ ആശംസയും അറിയിച്ചു. കർഷകരും, വളം കീടനാശിനി ഡീലർമാരും അടങ്ങുന്ന മുപ്പതു പരിശീലനാർത്ഥികളാണ് കോഴ്സിൽ പങ്കെടുക്കുന്നത്. കേരളത്തിലെ വിളകളെ ബാധിക്കുന്ന കീടരോഗ കളവർഗ്ഗങ്ങൾ, അവയുടെ ജൈവ ജീവാണു രാസ നിയന്ത്രണ മാർഗ്ഗങ്ങൾ, കീടനാശിനി നിയമം, വിളകളിലെ കീടനാശിനി പ്രയോഗം, അവയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ മുപ്പതോളം സെഷനുകളായി കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. എസ് ഹെലൻ ആണ് പാഠ്യപദ്ധതി തയാറാക്കിയത്. സർവകലാശാല വിദഗ്ധരുടെ ക്ലാസുകൾ, പ്രായോഗിക പരിശീലനം, സംരംഭകത്വ പരിപാടികൾ, കൃഷിയിട സന്ദർശനം എന്നിവ ഉൾപ്പെടുത്തിയാണ് കോഴ്സ് ഒരുക്കിയിരിക്കുന്നത്. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദർശന, കീട ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രഞ്ജിത് എന്നിവർ കോർഡിനേറ്റ് ചെയ്യുന്ന കോഴ്സ് നവംബർ മുപ്പതിന് പൂർത്തിയാകുന്നു.